
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെഎസ്ആർടി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചുതകർത്തത്. കോഴിക്കോടാണ് സംഭവം നടന്നത്.
മിംസ് സ്റ്റോപ്പിൽ നിർത്തണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറയുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാർ യുവതിയുടെ വീഡിയോ എടുക്കുന്നുണ്ട്.
യുവതിയും ഇവരുടെ വീഡിയോ ചിത്രീകരിച്ചു. ഇവർ തെറ്റായാണ് വാഹനമോടിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു. താൻ എന്തായാലും പരാതി കൊടുക്കാൻ പോകുന്നു. ഒരു അത്യാവശ്യത്തിനാണ് നിർത്തിതരാൻ പറഞ്ഞതെന്നും ഒരുപാട് നേരമായി ഇത് പറയുകയാണെന്നും യുവതി പറയുന്നുണ്ട്. തുടർന്ന് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തല്ലിതകർക്കുകയായിരുന്നു.

