
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയത്. കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോകായുക്ത സ്പെഷ്യൽ അറ്റോർണിയായി ടി ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ സി വിൻസെൻ്റിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ചത്.
രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളിലും വി ഡി സതീശൻ പ്രതികരിച്ചു. നിലവിലെ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേൽക്കറിനെതിരെ എന്ത് ആരോപണമാണ് നിലവിലുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. കേൽക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ്. പിണറായി വിജയൻ സർക്കാറാണ് കേൽക്കറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത്. സിഇഒയ്ക്കെതിരെ പരാതിയില്ല. ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ. കേരളത്തെ ബംഗാളുമായി താരതമ്യം ചെയ്യരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ് മുനമ്പത്തെ പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്തെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡ് യുഡിഎഫ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു. രണ്ട് വിഭാഗങ്ങളെ ശത്രുതയിലാക്കാൻ എൽഡിഎഫ് കൂട്ടുനിന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

