
സിപിഐഎമ്മിന്റെ തായ്വേര് ഇളകിയ കേസാണ് മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. സിഎംആർഎൽ രേഖകളിൽ PV എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെയാണ്. തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ രാഷ്ട്രീയപ്രേരീതം എന്ന് പറഞ്ഞ് താൻ ഒളിച്ചോടി ഇല്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
രക്ഷപെടാൻ വേണ്ടിയാണ് രാഷ്ട്രീയ പ്രേരിതമെന്നു പറയുന്നത്. മുൻപ് അന്വേഷണം സ്റ്റേ ചെയ്തത് താൽക്കാലികമായാണ്. കാര്യങ്ങൾ ബോധ്യപ്പെട്ടതോടുകൂടി തുടർനടപടിക്ക് കോടതി അനുമതി നൽകിയെന്ന് മാത്യുകുഴൽ നാടൻ വ്യക്തമാക്കി. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിൽ ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, CMRL, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന നടക്കുന്നുണ്ട്.
വീണയേയും സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്തു. രാവിലെ ആറിന് തുടങ്ങിയ പരിശോധന ആറ് മണിക്കൂർ പിന്നിട്ടു. 2017-2020 കാലളവിൽ CMRL കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നും ഇത് ഉന്നത വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നുമുള്ള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് അടിസ്ഥാനം. CMRL-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ. ഡിയുടെ നടപടി.

