
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരാണെന്നും ഇവര്‍ ആദിത്യവര്‍മയുടെ അടുപ്പക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കല്‍ ഷൈജു, പദ്മേഷ് പരശുരാമന്, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങള്‍ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള വജ്രവും സ്വര്‍ണവും മോഷണം പോയെന്നായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വജ്രം പതിച്ച ആഭരണമായ ‘വൈരനാമം’ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്നു. ആറുമാസം മുന്‍പ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് രേഖകളിലുളളത്. ഭക്തര്‍ സംഭാവന നല്കിയ സ്വര്‍ണത്തിലും കുറവുളളതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആറുമാസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവന്നിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മാര്‍ച്ചില്‍ കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം നടന്നതായി ചൂണ്ടിക്കാട്ടി കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ ഗൗരി ലക്ഷ്മിഭായ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അലമാരയില്‍ സൂക്ഷിച്ച രണ്ടുകോടി രൂപ മൂല്യമുളള ആഭരണങ്ങള്‍ നഷ്ടമായെന്നാണ് ഗൗരി ലക്ഷ്മിഭായ് പേരൂര്‍ക്കട പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞത്. രത്നക്കല്ലുകള്‍ ഉള്‍പ്പെടെയുളള സ്വര്‍ണാഭരണങ്ങള്‍ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബറില്‍ ബെംഗളൂരുവില്‍ പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് മനസിലായത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

