
ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിൽ കേരളത്തിലെ മെഡിക്കല്‍ കോളേജുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രം ആണെന്നും ഹൈക്കോടതി പറഞ്ഞു. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും’ ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ മനുഷ്യത്വ രഹിതമായ സമീപനമാണ്. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

