
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എട്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി.ഫൈസാബാദ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുകൊണ്ട് കോടതിയിൽ സുരക്ഷ വർധിപ്പിച്ചു. കാണാതായ 60 കിലോ വെള്ളിക്കട്ടികൾ കണ്ടെത്തിയതായും സൂചനയുണ്ട്. വെള്ളക്കട്ടികൾ ഉരുക്കി സൂക്ഷിച്ച നിലയിൽ എന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തത്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത്ത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ,
ക്ഷേത്ര മാനേജ്മെന്റുമായി ബന്ധമുള്ള രാംശങ്കർ യാദവ്, പണം എണ്ണി തിട്ടപ്പെടുത്തുന്ന ജീവനക്കാരെ ഉൾപ്പെടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചു. ഉറ്റ അനുയായി റാംശങ്കർ യാദവ് ഉൾപ്പെടെ ആറുപേർ കൂടി അറസ്റ്റിലായതിന് പിന്നാലെയാണ് രാജി. അയോധ്യയിൽ അപവാദ പ്രചാരണം നടക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു . ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അയോധ്യ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി.

