
ധനബില്ലിലെ ചര്‍ച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭ വിട്ട് പുറത്തേയ്ക്ക് ഇറങ്ങി. നാടിന് ആപത്ത് വരുത്താന്‍ മദ്യ വ്യാപനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതീവ ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷമായിരിക്കണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. യുഡിഎഫില്‍ ഇന്നേവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ ഇതുപോലുള്ള മദ്യം ഒഴുകുന്ന സാഹചര്യം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്ത് കടുംപിടുത്തമാണ്. നടപ്പാക്കാന്‍ പോകുന്നു എന്ന് തരത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നടപ്പാക്കണം എന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. ഇത്ര വലിയ വാശിക്കും നിര്‍ബന്ധത്തിനും ഇടയാക്കിയത് എന്താണ്? അവിടെയാണ് അഴിമതിയുടെ പ്രശ്നം. തീര്‍ത്തും ദുരൂഹമായ സാഹചര്യമാണുള്ളത്. നിയമസഭയുടെ മുകളില്‍ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വലിയ അഴിമതിക്ക് അവസരം ഒരുങ്ങുകയാണ്. തുടക്കത്തില്‍ തന്നെ വന്‍ അഴിമതിയുമായാണ് ആരംഭിക്കുന്നത്. ബില്‍ പാസാക്കി കഴിഞ്ഞാല്‍ നടപ്പാക്കുന്നതിന് തടസ്സമില്ല. ബക്കാര്‍ഡിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പഴത്തില്‍ നിന്നും പച്ചക്കറിയില്‍ നിന്നും ധാന്യത്തില്‍ നിന്നും വൈന്‍ ഉത്പാദിപ്പിക്കാന്‍ ആണ് നമ്മള് ശ്രമിച്ചത്. എന്തിനാണ് ഈ ഒളിച്ചു കടത്തല്‍?. അതിന് പിന്നില്‍ ആരുടെ താല്‍പ്പര്യമാണ്. പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും പിണറായി വിജയന് വ്യക്തമാക്കി.

