
കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുഹമ്മദ് ഫര്മാന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഫര്മാന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമാണെന്നും പോക്സോ കേസ് പരിധിയില്‍ വരുന്നതാണെന്നുമാണ് കുടുംബം മധ്യപ്രദേശ് പൊലീസിന് നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യക്കാലാവധി രണ്ടാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാ ൽ ഇത്തരമൊരു ജാമ്യം നൽകാനുള്ള അധികാര പരിധിയില്ലെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇതോടെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഫര്മാന് ഇനി സാവകാശമില്ല. ഫര്മാന് നല്കിയ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം മധ്യപ്രദേശ് പ്രത്യേക കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസമാണ് മണ്ഡലേശ്വര്‍ കോടതി മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ സാവകാശം ലഭിക്കാനാണ് ഫര്മാന് കേരള ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള ഹൈക്കോടതി ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാതെ അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാനായിരുന്നു കേരള ഹൈക്കോടതി ഉത്തരവിട്ടത്. അന്ന് ഇതിനെ മധ്യപ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

