
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ സി പക്ഷത്തിന്റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസി ശക്തമായ നിലപാട് എടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്നലെ അദാനിക്ക് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയത്. എന്നാല്‍, വിഷത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. എംഎസ്സി-അദാനി കരാർ കൈമാറ്റത്തിന് സർക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞത്. കരാർ കൈമാറ്റത്തിന് ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റത്തിൽ സർക്കാരിന് ആശങ്ക ഉണ്ടെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞിരുന്നു.
സർക്കാർ നിയമോപദേശം തേടും
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

