
കാർത്തികപ്പള്ളി: ദീർഘകാലത്തെ സ്തുത്യർഹവും ആത്മാർത്ഥവുമായ സേവനത്തിന് ശേഷം വി വി ബീന കുറിഞ്ഞാലിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ സെക്രട്ടറി പദവിയിൽ നിന്നും വിരമിച്ചു. ബീനയുടെ സേവന കാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെയും ക്ഷീരകർഷകരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പ് നൽകി. കുറിഞ്ഞാലിയോട് ക്ഷീര സംഘത്തിലെ ടി പി മൂസ്സ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് ബഹു രാജ്യസഭാഗം പി പി സുനീർ എം പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി പി റഷീദ് അധ്യക്ഷത വഹിച്ചു. മിൽമ, മലബാർ മേഖല യൂണിയൻ ഡയറക്ടർ പി ശ്രീനിവാസൻ ചടങ്ങിലെ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഒ എം വിജിന പൊന്നാട അണിയിച്ചു. സംഘത്തിൽ നിന്നും വിരമിച്ച വി വി ബീനയ്ക്ക് പി പി സുനീർ എം പി ഉപഹാര സമർപ്പണം നടത്തി. വിബിൻരാജ് ബി ആർ യൂണിറ്റ് ഹെഡ് വടകര പി & ഐ, പാർവതി ജിജി സൂപ്പർവൈസർ വടകര പി & ഐ, സംഘം മുൻ പ്രസിഡണ്ട് ഒ എം കുമാരൻ, സംഘം ഡയറക്ടർ സി ബാബു, സ്വാഗത സംഘം ചെയർമാൻ ഒ എം അശോകൻ, ക്ഷീര കർഷക പ്രതിനിധി ടി പി മജീദ് എന്നിവർ സംസാരിച്ചു. വി വി ബീന മറുമൊഴി നൽകി. സ്വാഗത സംഘം കൺവീനർ എം സുനിൽ കുമാർ സ്വാഗതവും സംഘം സെക്രട്ടറി എം സി ആഷ്ന നന്ദിയും പറഞ്ഞു.

