
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര് സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹെക്കോടതിയെ അറിയിക്കും. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതന് നല്കിയ ഹര്‍ജിയിലാണ് മറുപടി.
സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണം എന്നായിരുന്നു ആവശ്യം. നാളെ രാവിലെ 11 മണിക്കാണ് സുഗതന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷന് കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

