
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസില്‍ ക്രൈം ബ്രാഞ്ചിന്റെത് ഗുരുതരവീഴ്ച. അറസ്റ്റ് എന്തിനാണെന്ന് പ്രതി ഡോക്ടര്‍ എം കെ റാമിനെ ബോധ്യപ്പെടുത്താതെയായിരുന്നു അറസ്റ്റ്. കോടതി വിട്ടയച്ച റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങി. സംഭവത്തില്‍ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന ഗ്രൗണ്ട് ഓഫ് അറസ്റ്റിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ച പറ്റിയത്. പ്രതിക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയിരിക്കണം എന്നാണ് മുന്‍ കേസുകളിലെ സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയ ഗ്രൗണ്ട് ഓഫ് അറസ്റ്റില്‍ മലയാളത്തിലായിരുന്നു വിവരങ്ങള്‍. ഈ സാങ്കേതിക ലൂപ്പ് ഹോള്‍ ഉപയോഗിച്ചാണ് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ അറസ്റ്റിനെതിരെ വാദിച്ചത്. സംഭവത്തില്‍ വലിയ നാണക്കേടില്‍ ആയ ക്രൈംബ്രാഞ്ച് ഡോക്ടര്‍ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നു . കോടതിയുടെ അനുമതിയോടെ മാത്രമേ റീ അറസ്റ്റ് സാധ്യമാകൂ. ഇതിനായി അപേക്ഷ നല്‍കും. ക്രൈംബ്രാഞ്ചിന്റെ വീഴ്ചയില്‍ ഉത്തര മേഖല ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നും വീഴ്ച പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ക്രൈം ബ്രാഞ്ചിനെതിരെ നിതിന്‍ രാജിന്റെ കുടുംബം രംഗത്തുവന്നു. ക്രൈംബ്രാഞ്ച് പ്രതിയെ സഹായിക്കുന്നുവെന്നും റാമിനെ പിടിച്ചത് കോടതി വിമര്‍ശിച്ചത് കൊണ്ട് മാത്രമാനെന്നും കുടുംബം ആരോപിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം അറിയിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

