
ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘എൻസെലിയ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചെങ്കടൽ പാതയിലെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

