
കോഴിക്കോട്: പന്തീരങ്കാവില് പട്ടാപ്പകല് ജ്വലറിയില് മോഷണം നടത്താന് ശ്രമിച്ച പ്രതിയെ കൈയ്യോടെ പിടികൂടി നാട്ടുകാര്. പന്തീരങ്കാവിലെ സൗപര്ണിക ജൂവലറിയിലെത്തിയ യുവതി കടയുടമയോട് സ്വര്ണമാല ആവശ്യപ്പെടുകയും അദ്ദേഹം മാലയെടുക്കാനായി തിരിഞ്ഞപ്പോള് മോഷണ ശ്രമം നടത്തുകയുമാണ് ഉണ്ടായത്. പിടിക്കപ്പെട്ടപ്പോള് ഇവര് ആത്മഹത്യാശ്രമം നടത്തിയതോടെ ഇവരെ കെട്ടിയിട്ട ശേഷമാണ് നാട്ടുകാര് പൊലീസിന് കൈമാറിയത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം. പൂവാട്ട്പറമ്പ് സ്വദേശി സൗദാബിയെന്ന യുവതിയാണ് പിടിയിലായത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിലേക്ക് വഴിവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. ജൂവലറി തുറക്കാനായി കടയുടമ കൃഷ്ണന് എത്തിയപ്പോഴാണ് യുവതിയും അവിടെ എത്തിയത്. മാലയെടുക്കാന് തിരിഞ്ഞ കടയുടമയ്ക്ക് നേരെ ഇവര് പെപ്പര് സ്പ്രേ പ്രയോഗിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കൈയില് കരുതിയിരുന്ന ഡീസല് ഒഴിക്കാനുള്ള ശ്രമവും യുവതി നടത്തി. കടയുടമ ബഹളം വയ്ക്കുകയും ഇരുവരും പിടിവലി നടത്തി കടയ്ക്ക് പുറത്തെത്തിയപ്പോഴാണ് നാട്ടുകാര് മോഷണശ്രമം അറിയുന്നത്. ഇതോടെ നാട്ടുകാര് എത്തി യുവതിയെ പിടിച്ചുകെട്ടിയത്.

