
കൊല്ലം: കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗാതാഗത യോഗ്യമാക്കുമെന്ന് ഉറപ്പ് നൽകി ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. നാളെ വൈകിട്ടോടെ സർവീസ് റോഡിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കും. മറ്റന്നാൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കും. ഇന്നലെ കൊല്ലം കൊട്ടിയത്താണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് അപകടം ഉണ്ടായത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു.

