
കൊച്ചി: കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് വിവരങ്ങൾ. വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. സാങ്കേതിക തകരാർ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ്. ഇന്ന് പുലർച്ചെ 1.15നാണ് വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്. കോഴിക്കോട്ടേക്ക് റോഡ് മാർഗം പോകണമെന്ന് യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം വന്നിട്ടുണ്ട്. വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ അധികൃതരുമായി വാക്കുതർക്കത്തിലാണ്

