
പ്രകാശം പരത്തി ‘ലൂക്ക’ വന്നു. തിങ്കളാഴ്ച രാത്രി, തണുപ്പും നിശ്ശബ്ദതയും നിറഞ്ഞ ക്രിസ്മസ്–പുതുവത്സര ഇടവേളയിൽ, അമ്മതൊട്ടിലിൽ വീണ്ടും ഒരു അതിഥിയെത്തി.ഒരു ആൺകുഞ്ഞ്. സ്നേഹത്തിന്റെ ചൂട് തേടി, പ്രതീക്ഷകളുടെ വെളിച്ചവുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തണലിലേക്ക് ഒരു കുഞ്ഞ് കൂടി വന്നെത്തുകയാണ്. അവന് ഒരു പേര് നൽകി — ‘ലൂക്ക’. പ്രകാശം കൊണ്ടുവരുന്നവൻ.
ഇരുളടഞ്ഞ വഴികളിലൂടെ ഒരു അമ്മ, നെഞ്ചിൽ നിറയെ വേദനയും പ്രാർത്ഥനയും ഒളിപ്പിച്ച്, തന്റെ കുഞ്ഞിനെ സുരക്ഷിതമായ അമ്മതൊട്ടിലിൽ ഏല്പിക്കുമ്പോൾ അവളുടെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ —“മകന്റെ ഭാവി പ്രകാശപൂർണ്ണമാകണം.” ഇനി മുതൽ ലൂക്ക ഒറ്റയ്ക്കല്ല. ഒരു നാടിന്റെ മുഴുവൻ സ്നേഹവും കരുതലും കാവലുമാണ് ഇനി അവനൊപ്പം.

നിരവധി കുട്ടികളാണ് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സംരക്ഷണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലിയോ എന്ന്പേരിട്ട കുട്ടിയും അമ്മത്തൊട്ടിലിലൂടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്കെത്തിയിരുന്നു.ശിശുക്ഷേമ സമിതിയുടെ ഉത്തരവാദിത്വവും, സമൂഹത്തിന്റെ മാനവികതയും ചേർന്ന്, കുഞ്ഞുങ്ങളുടെ ഓരോ നാളും സുരക്ഷിതവും അർത്ഥവത്തുമായി തീർക്കുമെന്നും ലോകത്തിന്റെ നന്മയിലേക്കും വലിയ സ്വപ്നങ്ങളിലേക്കും പ്രകാശം വിതറി അവർ വളരട്ടെയെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.

