
കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിൽ പ്രതി പിടിയിൽ. തൃശൂർ മടവന സ്വദേശി സിറാജുദ്ദീൻ ഖാദറാണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനായ ഇയാള്‍ ചാവക്കാട് കോടതി ജീവനക്കാരനുമാണ്.ഫേക്ക് ഐഡി ഉപയോഗിച്ചായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളെ പ്രതി സിറാജുദ്ദീൻ അധിക്ഷേപിച്ചത്. സിറാജുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് ഹരിത കർമ്മ സേനാംഗങ്ങള്‍ നേരത്തെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ബിജെപി നേതാവായ പ്രണവ് താമരക്കുളം ഭീഷണിപ്പെടുത്തിയതായും ഇവർ പരാതിപ്പെട്ടിരുന്നു.

കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു പ്രണവ് താമരക്കുളം. താൻ കൗൺസിലറായാൽ നിങ്ങളെ വീട്ടിൽ ഇരുത്തുമെന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. കൊല്ലം, ഇരവിപുരം നിയോജക മണ്ഡലത്തിൽപ്പെട്ട കൊല്ലം കോർപറേഷൻ ഡിവിഷൻ വോട്ടെടുപ്പ് ബൂത്തുകളിലാണ് ഹരിത കർമ്മ സേനാംഗങ്ങളെ ബിജെപി – കോൺഗ്രസ് പ്രവർത്തകർ അധിക്ഷേപിച്ചത്.ഹരിത ചട്ടം പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ശുചിത്വ മിഷൻ ഹരിത കർമ്മ സേനാംഗങ്ങളെ അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പോളിങ് ബൂത്തിൽ നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കുലർ ഉണ്ടായിട്ടും ബിജെപി – കോൺഗ്രസ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ചില പൊലീസ് ഉദ്യോഗസ്ഥരും ബിജെപി – കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി തങ്ങളെ അപമാനിച്ചതായി ഹരിതകർമ്മ സേനാംഗങ്ങള്‍ അന്ന് ജില്ലാ വരണാധികാരിക്കും പരാതി നൽകിതാണ്.

