
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. കേസില്‍ തന്നെ കൂടി കക്ഷി ചേർക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ രാഹുലിന്റെ അറസ്റ്റ് ജനുവരി 7 വരെ താത്ക്കാലികമായി കോടതി തടഞ്ഞിരുന്നു.അതേസമയം ഗർഭഛിദ്രത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ ഉയർത്തുന്ന വാദം. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണമാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചതായാണ് വിവരം.

