
കളമശ്ശേരിയിൽ ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ. സഹോദരങ്ങളായ തോമസ്, മാത്യു എന്നിവരാണ് പിടിയിലായത്. ജ്വല്ലറി ജീവനക്കാരിക്കുനേരെ പെപ്പർ സ്പ്രേ അടിച്ചാണ് മാല മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ജ്വല്ലറിയിൽ കയറിയതിന് പിന്നാലെ പ്രതികളിൽ ഒരാൾ ഉടൻ തന്നെ ജീവനക്കാരിക്കുനേരെ പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല കൈക്കലാക്കി കടന്നുകളഞ്ഞു. യുവതി ബഹളം വെച്ച് പിന്നാലെ പോയെങ്കിലും പ്രതികൾ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് പ്രതികളെ വലയിലാക്കുന്നത്.

മലപ്പുറം എടക്കര സ്വദേശികളാണ് പ്രതികളെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവർ സഹോദരങ്ങളാണ്. മാത്യു ബിടെക്ക് കഴിഞ്ഞതിന് ശേഷം കുറച്ചുനാളായി നഗരത്തിൽ താമസിച്ചുവരുകയാണ്. പുത്തംകുരിശ് ഭാഗത്തുനിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ചാണ് ഇവർ ഈ ജ്വല്ലറിയിലെത്തുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

