
മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽ തുടങ്ങിുന്നതിനായി മെട്രോമാൻ ഇ.ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നു. അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാനാണെന്ന് അവകാശപ്പെട്ടാണ് ഇ ശ്രീധരൻ ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തതു. ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാൽ റെയിൽവേ മന്ത്രിയുടെയോ റെയിൽവേയുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരും പറയുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിൽ കേരളമില്ലായിരുന്നു.പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങൾ നേരത്തെ പ്രവർത്തനം തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം
നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും അവരുടെ പ്രശ്നങ്ങൾക്ക് പ്രതിവിധി ഉണ്ടാവണമെന്നും ഇ ശ്രീധരൻ പ്രതികരിച്ചു. പദ്ധതിയ്ക്കായി ഏപ്രിൽ, മെയ് ആദ്യം ആരഭിക്കുന്ന ഫീൽഡ് വർക്ക് ജൂൺ ഒന്നിന് തീർക്കും. സ്റ്റേഷനുകൾ തീരുമാനിച്ചിട്ടുണ്ട്. ലോക്കെറ്റ് ചെയ്ത സ്റ്റേഷനുകൾ പോയി നോക്കും. അവിടെ ഏത് തരത്തിലുള്ള പാതയാണ് അനുയോജ്യം എന്ന് പഠിക്കും.ഏറ്റെടുക്കേണ്ട പാതയിൽ മഞ്ഞക്കുറ്റികൾ അടിക്കാതെ അടയാളം മാത്രമിടും. പല പാർട്ടുകൾ ആക്കിയായിരുക്കും സർവേ നടത്തുക. നാലോ അഞ്ചോ സ്ഥലങ്ങളിൽ ഒരേസമയം സർവ്വേ നടത്തും. ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ നേരിട്ട് എത്തി ദൂരീകരിക്കുമെന്നും പദ്ധതിയുടെ ഗുണം ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

