
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി.
ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ എൻ ഷംസീർ മുന്നറിയിപ്പ് നൽകി. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു.

