
ശുചീകരണ തൊഴിലാളിയായ പത്മയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ആദരിച്ച് നടൻ രജനീകാന്ത് (Rajinikanth). പത്മയുടെ നിസ്വാർത്ഥ സേവനത്തിനും സ്വഭാവത്തിനും ആദരമായി അദ്ദേഹം ഒരു സ്വർണ്ണമാല സമ്മാനമായി നൽകി. സത്യസന്ധയായ ശുചീകരണ തൊഴിലാളിയെ രജനീകാന്ത് കണ്ടുമുട്ടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ടി നഗറിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയായ പത്മ ഈ മാസം ആദ്യം തെരുവിൽ അവകാശികളില്ലാത്ത ഒരു പൗച്ച് കണ്ടെത്തി. 45 പവൻ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൗച്ചായിരുന്നു അത്. സത്യസന്ധയായ അവർ ഉടൻ തന്നെ വിഷയം തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ആഭരണങ്ങൾ അടങ്ങിയ പൗച്ച് പോണ്ടി ബസാർ പോലീസിന് കൈമാറുകയും ചെയ്തു. അന്വേഷണത്തിന് ശേഷം അവർ വിലപിടിപ്പുള്ള വസ്തുക്കൾ അവയുടെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.
പത്മയുടെ സത്യസന്ധമായ പ്രവൃത്തിക്ക് വിവിധ കോണുകളിൽ നിന്ന് വ്യാപകമായ അഭിനന്ദനങ്ങൾ ലഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവരെ അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തിരുന്നു.

