
കോഴിക്കോട്: അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങി ബേപ്പൂര്‍ മണ്ഡലം. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂര്‍ വികസിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റില്‍ ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും. ഫെബ്രുവരി 7, 8 തീയതികളില്‍ കോഴിക്കോട് ചെറുവണ്ണൂര്‍ മലബാര്‍ മറീന കണ്വെന്ഷന് സെന്ററിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പങ്കാളിത്ത ടൂറിസം വികസന പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കി വരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ബേപ്പൂര്‍ ദേശീയ-അന്താരാഷ്ട്ര തലങ്ങലില്‍ ശ്രദ്ധേയമായ ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ‘പെപ്പര്‍’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടംഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്. വിനോദസഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും നല്‍കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു
ബേപ്പൂര്‍ ബീച്ച്, തുറമുഖവും പരിസര പ്രദേശങ്ങളും, പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന കടലുണ്ടി, ചാലിയാര്‍ പുഴയുടെ തീരപ്രദേശം, ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300 – ലധികം പേര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്കി. വിവിധ പാക്കേജുകള്‍ തയ്യാറാക്കി. വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രചാരണ വീഡിയോകളും ഇ-ബുക്കും തയ്യാറാക്കി. കേരളത്തിലെ ആദ്യത്തെ ആര് ടി ക്ലബ്ബ് ബേപ്പൂരില്‍ രൂപീകരിച്ചു. ആര്‍ടി മിഷന് യൂണിറ്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ജില്ലയില്‍ ഔട്ട്ലെറ്റുകള് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിക്ക് ഐസിആര്‍ടി ഗോള്‍ഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംപ്ലോയിങ് ആന്‍ഡ് അപ്സ്കില്ലിങ് ലോക്കല്‍ കമ്മ്യൂണിറ്റി എന്ന കാറ്റഗറിയില്‍ 2024 ല്‍ ഗോള്‍ഡ് അവാര്‍ഡാണ് ലഭിച്ചത്. കൂടാതെ ഇന്ത്യ ടൂറിസത്തിന്റെ മികച്ച ഉത്തരവാദിത്ത ടൂറിസം വില്ലേജ് അവാര്‍ഡ് കടലുണ്ടി പഞ്ചായത്ത് നേടി.

