
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വിമാനത്താവളങ്ങളിലും എയർ സ്ട്രിപ്പുകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 400 ഓളം അൺകൺട്രോൾഡ് എയർ സ്ട്രിപ്പുകളിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യവ്യാപക പരിശോധന ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) സംസ്ഥാന സർക്കാരുകളും സംയുക്തമായി നിയന്ത്രിക്കുന്ന ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനവും വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ ഗ്രൂപ്പുകളുടെയും ഉടമസ്ഥതയിലുള്ള ഇത്തരം എയർ സ്ട്രിപ്പുകൾ ഡിജിസിഎയുടെ നേരിട്ടുള്ള മേൽനോട്ടത്തിലല്ലാത്തതിനാൽ വലിയ തോതിലുള്ള സുരക്ഷാ വിടവ് നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ, അഗ്നിശമന സജ്ജീകരണം, പ്രാദേശിക അധികാരികളുമായുള്ള ഏകോപനം എന്നിവ പരിശോധനാ സംഘം വിലയിരുത്തും.
കഴിഞ്ഞ ജനുവരി 28-ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സുരക്ഷാ ഓഡിറ്റിന് കേന്ദ്രം തുടക്കമിട്ടത്. എയർ ട്രാഫിക് കൺട്രോൾ സേവനങ്ങളില്ലാത്ത ‘കാറ്റഗറി-എ’ വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഡിജിസിഎ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
ചാർട്ടർ വിമാനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഫ്ലൈയിംഗ് സ്കൂളുകൾക്കും വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കേന്ദ്രങ്ങളിൽ റൺവേ പരിപാലനത്തിനോ രക്ഷാപ്രവർത്തനത്തിനോ കൃത്യമായ മാനദണ്ഡങ്ങൾ നിലവിലില്ല. ഫ്ലൈറ്റ് സേഫ്റ്റി, എയർവർത്തിനസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘം ഇതിനകം തന്നെ ഫീൽഡ് പരിശോധനകൾ ആരംഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

