
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു റീൽസിലും താരം. മാപ്പിളപ്പാട്ട് പാടി അഭിനയിച്ചും പ്രവചനങ്ങൾ നടത്തിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ഇയാൾ. ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായിരുന്ന ലോറി ഡ്രൈവർ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാൾ നടത്തിയിരുന്നു. ഇതോടെ വ്യാജ ജ്യോത്സ്യൻ എന്ന് വിമർശനവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. തന്റെ പ്രവചനങ്ങൾ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കടന്നുപിടിക്കാൻ ശ്രമിച്ചത് അമ്മക്കൊപ്പമെത്തിയ 16കാരിയെ
കൊല്ലം വെണ്ടാറിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ജ്യോത്സ്യന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന് ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന് കടന്നുകളഞ്ഞു.

