
ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടയനുസരിച്ച് മലർ നിവേദ്യത്തിനായി ശ്രീകോവിൽ വാതിലടച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ, മുതിർന്ന കീഴ്ശാന്തിക്ക് സസ്പെൻഷൻ ലഭിച്ചിട്ട് മൂന്ന് മാസത്തിലേറെയാകുന്നു. 55 വർഷമായി ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്ന കിഴിയേടം രാമൻ നമ്പൂതിരി (64) ആണ് 98 ദിവസമായി പുറത്തുനിൽക്കുന്നത്.
ഒക്ടോബർ 20-ന് പുലർച്ചെ 3.30നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നിർമാല്യം മുതൽ ശംഖാഭിഷേകം വരെയുള്ള ചടങ്ങുകൾ കഴിഞ്ഞ് ഭഗവാന് കിരീടം ചാർത്തിയാൽ ഉടൻ മലർ നിവേദ്യത്തിനായി വാതിലടയ്ക്കണം എന്നത് ക്ഷേത്രത്തിലെ പ്രധാന ആചാരമാണ്. വിശന്നിരിക്കുന്ന ഉണ്ണിക്കണ്ണന് നിവേദ്യം നൽകുന്നതിനാണ് ഈ മുൻഗണന. ഈ സമയത്ത് ദർശനത്തിനെത്തിയ ഏതാനും പേർക്ക് തൊഴാൻ തടസ്സമുണ്ടാക്കുന്ന വിധത്തിൽ ശ്രീകോവിൽ വാതിൽ ‘വലിയ ശബ്ദത്തോടെ അതിശക്തമായി കൊട്ടിയടച്ചു’ എന്നാണ് രാമൻ നമ്പൂതിരിക്കെതിരെയുള്ള പരാതി.
ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഭരണസമിതി അംഗം വിശ്വനാഥൻ തൊഴുതു മാറിയതിന് പിന്നാലെ മറ്റുള്ളവർ എത്തുമ്പോഴേക്കും വാതിലടഞ്ഞതാണ് പരാതിക്കിടയാക്കിയത്. ഇതിനെത്തുടർന്ന് നവംബർ 5 ന് രാമൻ നമ്പൂതിരിയെ വിളിപ്പിച്ചു വിശദീകരണം തേടിയിരുന്നു. എന്നാൽ അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ഭരണസമിതിയെ പരിഹസിക്കുകയും ചെയ്തു എന്നാണ് സമിതിയുടെ വിലയിരുത്തൽ.

