
കെ.എസ്.ആർ.ടി.സി.യിലെ വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി . ആർത്തവ അവധി ആവശ്യം വളരെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ. നഗരേഷ്, ഇക്കാര്യത്തിൽ ഒരു നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടത്. ഈ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
നിലവിലെ കേരള സർവീസ് ചട്ടങ്ങൾ പ്രകാരം ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്ക് വ്യവസ്ഥയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ കെ.എസ്.ആർ.ടി.സി. നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും സർക്കാർ സൂചിപ്പിച്ചു.
കെ.എസ്.ആർ.ടി.സി.യിൽ നിലവിലുള്ള ഡബിൾ ഡ്യൂട്ടി സമ്പ്രദായം കാരണം പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, കർണാടക, ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും വനിതാ കണ്ടക്ടർമാർ വാദിച്ചു. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ടതല്ലേ എന്ന് കോടതിയും ഇതിനിടെ വാക്കാൽ ചോദിച്ചു.

