
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതി അമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ ‘അഫ്ലു സ്റ്റോറീസ്’ എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.
സംഭവം ഇങ്ങനെ
എരഞ്ഞിപ്പാലം സിഗ്നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.

