
ടീമില്‍ മാറ്റം നിര്‍ദേശിച്ച് പിയൂഷ് ചൗള
ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. മലയാളി താരം സഞ്ജു സാംസണ് പിയൂഷ് ചൗള ടീമില്‍ ഇടം നല്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
കൊളംബോയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആയതിനാലാണ് കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സാഹചര്യം വ്യത്യസ്തമാണെന്ന് ചൗള ചൂണ്ടിക്കാട്ടി.
ഓരോ പിച്ചിനും അനുയോജ്യമായ താരങ്ങളെ തിരഞ്ഞെടുക്കുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റേണ്ടതെന്ന് ചൗള പറയുന്നു. അഹമ്മദാബാദിലെ പിച്ചുകൾ ബാറ്റിംഗിന് അനുകൂലമാണ്. സ്പിന്നർമാർക്ക് ഇവിടെ വലിയ സഹായം ലഭിക്കാറില്ലെന്നും ചൗള പറഞ്ഞു.
പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗിനെ ടീമിലെടുക്കണമെന്നും ഈ ഒരു മാറ്റം മാത്രമെ നെതർലന്ഡ്ഡ്സിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടതുള്ളൂവെന്നും പിയൂഷ് ചൗള പറഞ്ഞു.
ഫെബ്രുവരി 22-ന് നടക്കുന്ന സൂപ്പർ 8 പോരാട്ടത്തിൽ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോഴും നെതർലൻഡ്സിനെതിരെ കളിക്കുന്ന അതേ ഇലവനെ നിലനിർത്തണമെന്നാണ് ചൗള പറഞ്ഞു. പരിക്കോ മറ്റ് അപ്രതീക്ഷിത കാരണങ്ങളോ ഇല്ലെങ്കിൽ ടീമിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ചൗള പറഞ്ഞു.
അഹമ്മദാബാദിൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് പിയൂഷ് ചൗള പറഞ്ഞു. രാത്രിയിൽ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് പന്തെറിയുന്ന ബൗളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസമുണ്ടാകും. ഇത് ചേസിംഗിനെ തുണയ്ക്കുമെന്നും ചൗള കൂട്ടിച്ചേർത്തു.അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ഇപ്പോൾ വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് ചൗള അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റ് എന്നത് ഹൈ റിസ്ക് എടുക്കേണ്ട കളിയാണെന്നും അത്തരം സാഹചര്യത്തിൽ ചിലപ്പോൾ തുടർച്ചയായി പരാജയങ്ങൾ സംഭവിച്ചേക്കാമെന്നും ചൗള പറഞ്ഞു.

