
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോ. ലളിതാംബിക. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയും. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു
അന്ന് കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കായിരുന്നു അന്ന് മുൻഗണന നൽകിയിരുന്നത്. മൂന്നര കിലോ തൂക്കമുള്ളതും ക്യാൻസർ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമർ നീക്കം ചെയ്യാനാണ് പ്രസ്തുത രോഗിയെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ആ സമയത്ത് നടന്ന ഈ ശസ്ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു.
ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പ്രതികരിച്ചു. ‘എക്സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എണ്ണി തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് ആളില്ല. ഡോക്ടറും നഴ്സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം’ ഡോ.ലളിതാംബിക പറഞ്ഞു.

