
ഇറാന് ഭരണം അട്ടിമറിക്കുക. യുഎസിന്റെയും ഇസ്രായേലിന്റെയും ആത്യന്തിക ലക്ഷ്യമാണത്. എന്നാല്‍, യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ആ ആഗ്രഹം നടക്കുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തില്‍ പുതിയ ഒരു പ്ലാനുമായി വരികയാണ് അമേരിക്ക.ഇറാഖിലേക്ക് രക്ഷപ്പെട്ട ഇറാനിയന്‍ കുര്‍ദ് വിമതര്‍ക്ക് ആയുധം നല്കി ഇറാനിലേക്ക് കൊണ്ടുവരിക, അങ്ങനെ ഭരണം അട്ടിമറിക്കുക. അതാണ് ട്രംപിന്റെ പുതിയ പദ്ധതി. സിഎന്‍എന്‍, ആക്സിയോസ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് കോടി ജനസംഖ്യയുള്ള ഇറാനില്‍ 60 മുതല്‍ 90 ലക്ഷം വരെ കുര്‍ദുകള്‍ ഉണ്ട്. മറ്റുപലയിടങ്ങളിലെയും പോലെ ഇറാനിലും കുര്‍ദുകള്‍ രണ്ടാംതരം പൗരന്മാരാണ്. അതിനെതിരായ പ്രതിഷേധങ്ങളെ ഇറാന് തല്ലിക്കെടുത്താറാണ് പതിവ്. അങ്ങനെ ഇറാഖിലേക്ക് കടന്ന കുര്‍ദ് സായുധ വിഭാഗങ്ങളെയാണ് അമേരിക്ക ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.യുദ്ധത്തിന് ഏറെ മുമ്പേ ഇതിനുള്ള രഹസ്യപദ്ധതി ആരംഭിച്ചിരുന്നു. കുറേക്കാലമായി ഇവര്‍ക്ക് സി.ഐ എ ആയുധം നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിറകില്‍ ഈ സംഘങ്ങളാണെന്ന് ഇറാന് പലവട്ടം ആരോപിച്ചിട്ടുമുണ്ട്. ഈ സംഘങ്ങളെ കൂടുതല്‍ ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും നല്കി ഇറാനിലേക്ക് യുദ്ധത്തിന് അയക്കാനാണ് പദ്ധതി. ഇറാനില്‍ പുതിയ യുദ്ധമുഖം തുറക്കാന്‍ ഇത് സഹായിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടല്‍.

