
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാറ്റം. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.

