
തിരുവനന്തപുരം: പുതിയ സിവിൽ നിർമ്മാണങ്ങൾക്കു നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നല്കുന്ന ‘സാമൂഹികസുരക്ഷാപുരസ്ക്കാരം 2026’ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. എഴുനൂറിനുമേൽ ജീവനക്കാരുള്ള നിർമ്മാണപ്രൊജക്ടുകളുടെ വിഭാഗത്തിൽ രണ്ടാംസമ്മാനം കണ്ണൂരിൽ സൊസൈറ്റി നിർമ്മിക്കുന്ന പിണറായി എജ്യൂക്കേഷൻ ഹബ്ബിനു ലഭിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എഫ്എസിറ്റി ചെയർമാനും എംഡിയുമായ എസ്. ശക്തിമണി അവാർഡു സമ്മാനിച്ചു.
ഊരാളുങ്കൽ സൊസൈറ്റിക്കുവേണ്ടി ഇഎച്ഛ്എസ് സീനിയർ മാനേജർ ബി. പ്രസീദ് കുമാർ, ഇഎച്ഛ്എസ് മാനേജർ ശശികുമാർ, പ്രൊജക്റ്റ് ലീഡർ എസ്. ദിഷാന്ത്, പ്രൊജക്റ്റ് മാനേജർ സുബിൻ, സോൺ സേഫ്റ്റി മാനേജർമാരായ ടി. കെ. അരുൺരാജ്, വി. കെ. സുബിൻ, ജെ. ആർ. ജിതിൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കൊച്ചിൻ ഷിപ്യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ്. ശക്തിമണി ഉദ്ഘാടനം ചെയ്തു. നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ഒണററി സെക്രട്ടറി എ. എൽ. ജാക്സൺ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ്, സംസ്ഥാനസർക്കാരിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2025-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാർഡ്’ കഴിഞ്ഞദിവസം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിനു ലഭിച്ചിരുന്നു.

