
വടകര: മണിയൂർ തെരു ഗണപതി – ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കിടെ നാട്ടുകാരെ കയ്യേറ്റം ചെയ്ത സിപിഎം നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി സ്ഥലത്ത് എത്തിയിരുന്നു. സ്ഥാനാർഥിയുടെ വീഡിയോ ചിത്രീകരണം ഇളനീർ വരവിന് പ്രയാസം സൃഷ്ടിച്ചതിനാൽ വീഡിയോഗ്രാഫറോട് മാറിനിന്ന് സഹകരിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ കയ്യേറ്റമായി ചിത്രീകരിച്ച ഒരു വിഭാഗം സിപിഎം പ്രവർത്തകർ പിന്നീട് അക്രമം അഴിച്ചുവിടുകയായിരുന്നു. മർദനമേറ്റവരിൽ സിപിഎം പ്രവർത്തകരും ഉൾപ്പെടുന്നു. ഇവരിൽ ബൈജു വിപി എന്ന ഇടതു പ്രവർത്തകൻ്റെ പിതാവ് വടക്കേ പറമ്പിൽ ബാലൻ കുറുന്തോടിയിൽ നടന്ന യുഡിഎഫ് മണിയൂർ പഞ്ചായത്ത് കൺവെൻഷനിൽ പങ്കെടുത്ത് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയ്ക്ക് ഐക്യദാർഡ്യം അറിയിച്ചു. താൻ ഉൾപ്പെടെ ഉളളവർ ഇനി പാറക്കൽ അബ്ദുല്ലയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് വി.പി ബാലൻ പറഞ്ഞു.

