
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം പരാമർശങ്ങൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ്?” എന്ന ഗൗരവകരമായ ചോദ്യം ഉന്നയിച്ച കോടതി, വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നും നിർദേശിച്ചു.
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്ന വിവാദ വിഡിയോയിലെ പരാമര്‍ശത്തിൽ മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ല പ്രസിഡന്റ് ഗോകുലാണ് ബി. ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കാത്തതിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
വിവാദമായ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. കമ്മീഷന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി, പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കാൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കാലത്തെ അച്ചടക്കം ഉറപ്പാക്കുന്നതിൽ കമ്മീഷനുള്ള ഉത്തരവാദിത്തം കോടതി ഓർമിപ്പിച്ചു.

