
കനത്ത പോളിംഗോട് കൂടിയാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഭരണത്തുടർച്ച ആവർത്തിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. എന്നാൽ, തെരഞ്ഞെടുപ്പിൽ പോളിംഗ് കൂടിയത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ക്ലീൻ സ്വീപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വി ഡി സതീശന്റെ വാദം.
നേമത്ത് ന്യൂനപക്ഷ വോട്ട് യുഡിഎഫിന് കിട്ടുന്നതിൽ വി ശിവൻകുട്ടിയ്ക്ക് എന്താണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു. പറവൂരിൽ കള്ളവോട്ട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും, വയനാട് ഫണ്ട് പിരിവ് ചർച്ചയായിട്ടില്ല, എന്നും ഇതേ ചോദ്യം ചോദിക്കേണ്ടതില്ലെന്നും വി ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം വിധിയെഴുതിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പുറത്തുവരും.

