
വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് യശ്വന്ത് വർമ രാജിവെച്ചത്. വീട്ടിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു യശ്വന്ത് വർമയെ ദില്ലി ഹൈക്കോടതിയിൽ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി പ്രഖ്യാപനം.
വീട്ടിൽ നിന്നും ചാക്കുകെട്ടിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഇംപീച്ച്മെൻ്റ് നടപടി നേരിടുന്നതിനിടെയാണ് ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചത്. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്. തുടർന്ന് യശ്വന്ത് ശർമയെ ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ സമതി റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് പാർലമെൻ്റിൽ ജസ്റ്റിസ് യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചതും അന്വേഷണത്തിന് സ്പീക്കർ മൂന്നംഗ സമതിയെയും നിയോഗിച്ചതും. ഭരണഘടനയനുസരിച്ച് ഒരു ജഡ്ജിയെ പുറത്താക്കുന്നതിനുള്ള ഇംപീച്ച്മെന്റ് നടപടികളുടെ പുരോഗമിക്കവേയാണ് ജസ്റ്റിസ് യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്.

