
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുന്നണികൾ. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ മുൻ മന്ത്രിക്ക് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തെന്ന തൃണമൂൽ കോൺഗ്രസ് ആരോപണത്തിലും വലിയ വിവാദമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുൻ മന്ത്രി ഹുമയൂൺ കബീറിൻ്റെ ഒളിക്യാമറ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടത്.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് മമതയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ മുൻ മന്ത്രി ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പരാമർശിക്കുന്ന ഒളികാമറ ദൃശ്യത്തെച്ചൊല്ലി ബംഗാളിൽ വൻ വിവാദമാണ് ഉയരുന്നത്.
ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രം കബീർ വിശദീകരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 1,000 കോടി രൂപ പ്രതിഫലം കിട്ടുമെന്നും 200 കോടി മുൻകൂർ ലഭിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ബന്ധപ്പെട്ടിരുന്നും കബീർ പറയുന്നുണ്ട്. ഇതും ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതെ സമയം സംസ്ഥാനത്ത് അധികാരം പിടിക്കാൻ വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി പ്രചരണം. വനിതകൾക്ക് 3000 രൂപ പ്രതിമാസം നൽകും, കേന്ദ്ര പദ്ധതികൾ എല്ലാം സംസ്ഥാനത്ത് നടപ്പാക്കും, നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും ഉൾപ്പെടെ വാഗ്ദാനങ്ങൾ ആണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

