
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താന്‍ സാധ്യത. ദേവസ്വങ്ങളുമായി നാളെ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടവും പൂരം നടത്തിപ്പും തന്നെയാകും മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട. രാവിലെ ഓണ്‍ലൈനായാകും യോഗം ചേരുക. മന്ത്രിമാരായ വി എന്‍ വാസവന്, എം ബി രാജേഷ്, കെ രാജന് മുതലായവര്‍ തൃശൂരെത്തി കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്. അപകടം നടന്ന സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സന്ദര്‍ശിച്ചു. വെടിക്കെട്ട് അപകടത്തില്‍ 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 11 പേര് ചികിത്സയില്‍ തുടരുകയാണ്. അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരില്‍ രണ്ടുപേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
തൃശൂര്‍ പൂരം നടത്തുന്നതില്‍ ജനവികാരം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തോടൊപ്പമാണ് ദേവസ്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂരം എങ്ങനെ നടത്തണമെന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവനും മന്ത്രി കെ രാജനും അറിയിച്ചു. വിവിധ വിഷയങ്ങള്‍ ദേവസ്വങ്ങളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്ട്രോള് റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226 എന്നിങ്ങനെയാണ് നമ്പരുകള്‍. മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിച്ചുള്ള പരിശോധനകള്‍ തുടരുകയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

