
വടകര: വിദ്യാഭ്യാസം വെറും അറിവ് പകരുന്ന പ്രക്രിയയല്ല, ജീവിതങ്ങൾക്ക് ദിശാബോധവും സമൂഹത്തിന് പ്രത്യാശയും പകരുന്ന മഹത്തായ ദൗത്യമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷികദിന സ്മരണയിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ്.
ഉന്നതവിദ്യാഭ്യാസം സാമ്പത്തിക പരിമിതികളുടെ പേരിൽ ഒരു വിദ്യാർഥിയുടെയും സ്വപ്നങ്ങൾക്ക് വിലങ്ങാകരുതെന്ന സന്ദേശമാണ് ഈ പ്രഖ്യാപനത്തിലൂടെ സ്ഥാപനം സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയത്.
ഓരോ വർഷവും പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകി അവരുടെ പഠനച്ചെലവ് പൂർണമായും മേഴ്സി ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുക്കും.
അത്തരം അർഹരായ വിദ്യാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മറ്റ് അർഹരായ വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടറും മേഴ്സി ബാലൻ മാസ്റ്ററുടെ ഭാര്യയുമായ ഡോ. രമാ ബാലൻ പ്രഖ്യാപിച്ചു.
മയ്യന്നൂരിലെ വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന എട്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
വിദ്യാഭ്യാസം സാമ്പത്തിക സാഹചര്യങ്ങളുടെ ചങ്ങലകളിൽ തളച്ചിടപ്പെടരുതെന്നും, അർഹതയുള്ള ഒരു വിദ്യാർഥിയുടെയും സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞുപോകരുതെന്നുമുള്ള മേഴ്സി ബാലൻ മാസ്റ്ററുടെ വിദ്യാഭ്യാസദർശനവും സാമൂഹിക പ്രതിബദ്ധതയും തലമുറകളിലേക്ക് കൈമാറുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഡോ. രമാ ബാലൻ പറഞ്ഞു.
പ്രതിഭയും അർഹതയും മാത്രമാകും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്നും, കൂടുതൽ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കാനാണ് ഈ സംരംഭമെന്നും അവർ വ്യക്തമാക്കി.

സി. ടി. വിനോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ഷനിൽ മാസ്റ്റർ, റോഷ്ണി ടീച്ചർ, ഡോ. രമാ ബാലൻ എന്നിവർ സംസാരിച്ചു. കെ. ടി. കെ. ലക്ഷ്മണൻ, റഷീദ് പുതിയോട്ടിൽ, ഗാഥ വിനോദ്, എം. വി. പ്രഭ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ. ജെ. ശ്രീജിത്ത് പടിക്കൽ സ്വാഗതവും വി. പി. ഷാജു നന്ദിയും രേഖപ്പെടുത്തി.
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മേഴ്സി കുടുംബത്തിലെ സഹപ്രവർത്തകർ, ശിഷ്യർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് മേഴ്സി ബാലൻ മാസ്റ്ററുടെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
അതേസമയം, സി.പി.ഐ.(എം) നേതാവായിരുന്ന മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനം പാർട്ടിയുടെ നേതൃത്വത്തിലും വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരിയോടെ ആരംഭിച്ച ചടങ്ങിൽ മയ്യന്നൂരിലെ ബാലൻ മാസ്റ്ററുടെ സ്മാരക മന്ദിരത്തിൽ സി.പി.ഐ.(എം) വടകര ഏരിയാ കമ്മിറ്റി അംഗം സ. പി. കെ. കൃഷ്ണദാസ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ.(എം) മയ്യന്നൂർ ലോക്കൽ സെക്രട്ടറി സ:കെ. കെ. ദിനേശൻ സംസാരിച്ചു. മയ്യന്നൂർ ബ്രാഞ്ച് സെക്രട്ടറി സ. ഒ. പി. രാജൻ സ്വാഗതം ആശംസിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പൂളക്കണ്ടി മുരളി, ഇ. എം. രമേശൻ, കെ. കെ. രാജീവൻ എന്നിവരും ബ്രാഞ്ച് അംഗങ്ങളും നിരവധി അനുഭാവികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
