
വടകര: പൂവാടന്‍ഗേറ്റ് അടിപ്പാതയുടെ ഇരുവശത്തേയും അനുബന്ധ റോഡുകളില്‍ മേല്‍ക്കൂര പണിയണമെന്ന ആവശ്യം നേടിയെടുക്കാന്‍ പ്രവര്‍ത്തനം സജീവമാക്കി ആക്ഷന്‍ കമ്മിറ്റി. ഇതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ റെയില്‍വെ അധികൃതര്‍ക്ക് നിവേദനം നല്കി. ഈ മേഖലയുടെ ചുമതലയുള്ള കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (വര്‍ക്സ്) ജി.മേഘയെ ഓഫീസിലെത്തി കണ്ട് നിവേദനം കൈമാറി.
കാലവര്‍ഷം ആരംഭിക്കുന്നതോടെ തുടര്‍ച്ചയായി മഴ പെയ്താല്‍ അടിപ്പാതയില്‍ വെള്ളം പൊങ്ങുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇത് ഒഴിവാക്കാന്‍ അടിപ്പാതയുടെ ഇരുഭാഗത്തും മേല്‍ക്കൂര പണിയമെന്നാണ് ആവശ്യം.
വേനല്‍ മഴയും ഉറവയും കാരണം ഇപ്പോള്‍ അടിപ്പാതയില്‍ ചെറിയതോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും നിശ്ചിത ലവല്‍ ആകുന്നതോടെ ഓട്ടോമാറ്റിക്കായി മോട്ടോര്‍ പ്രവര്‍ത്തിക്കുകയും വെള്ളം ഒഴിവായിപ്പോവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായി മഴ പെയ്യുകയും വൈദ്യുതി തടസം ഉണ്ടാവുകയും ചെയ്താല്‍ അടിപ്പാതയില്‍ വലിയ തോതില്‍ വെള്ളം ഉയരും. ഇത് റോഡ് ഗതാഗതം തടസപ്പെടാന്‍ ഇടയാക്കും.
വടകരയിലെ മെയിന്‍ റോഡില്‍ ഗതാഗത തടസമുണ്ടാവുമ്പോള്‍ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. മഴക്കാലത്ത് അളവില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നാല്‍ ഈ സൗകര്യവും നഷ്ടപ്പെടും. മേല്‍ക്കൂര പണിതാല്‍ അടിപ്പാതയില്‍ ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നതിനാല്‍ ഇത് മോട്ടോര്‍ ഉപയോഗിച്ച് ഒഴിവാക്കാനാവും. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനു മുമ്പ് മേല്‍ക്കൂര യാഥാര്‍ഥ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ചെയര്മാന് പി.മഹമൂദ്, കണ്‍വീനര്‍ ആര്.കെ.പ്രദീപ്, വി.കെ.ശൈലേഷ്, സി.കെ.രജില്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

