
തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തില്‍ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. ഐപിഎല്‍ 2026ല്‍ ലഖ്നൗ ടീമിനും പന്തിനും ഏറെ നിരാശാജനകമായ സീസണായിരുന്നു കടന്നുപോയത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ലഖ്നൗ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ബാറ്റിംഗിലും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പന്തിന് 14 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ രാജസ്ഥാന് റോയല്‍സിനോടേറ്റ പരാജയത്തിന് പിന്നാലെ പന്ത് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
മത്സരശേഷമുള്ള ഔദ്യോഗിക അഭിമുഖത്തിനിടെ, പരാജയത്തിന്റെ നിരാശയില്‍ തത്സമയം ലൈവായി സംസാരിക്കവെ പന്ത് മോശം വാക്ക് ഉപയോഗിക്കുകയായിരുന്നു. തങ്ങള്‍ മികച്ചൊരു ടീമാണെന്ന് അല്പം രൂക്ഷമായ ഭാഷയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇത്. സംഭവം വിവാദമായതോടെ പന്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ബ്രോഡ്കാസ്റ്റര്‍മാരെയാണ് ഗവാസ്കര്‍ കുറ്റപ്പെടുത്തിയത്. മത്സരം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം തോറ്റ ടീമിന്റെ ക്യാപ്റ്റനെ അഭിമുഖത്തിന് വിളിക്കുന്ന രീതി മാറണമെന്ന് ഗവാസ്കര്‍ പറഞ്ഞു. ”മത്സരം തോറ്റ് തൊട്ടുപിന്നാലെ ക്യാപ്റ്റനെ അഭിമുഖം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കളി അവസാന ഓവര്‍ വരെ നീണ്ടതാണെങ്കില്‍ ക്യാപ്റ്റന്റെ നിരാശ അതിലും വലുതായിരിക്കും. കടുത്ത ചൂടില്‍ ഓരോ പന്തിലും സ്റ്റമ്പിലേക്ക് ഓടേണ്ടി വരുന്ന ഒരു വിക്കറ്റ് കീപ്പര്‍ കൂടിയാണ് അവരെന്നത് ആ നിരാശയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കും.” ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

