
എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, എംഡി എസ്എന്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാര്‍ അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം എന്നും എസ്എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ലെന്നും അടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വെച്ച അതേ വാദങ്ങളാണ് ഡിവിഷന് ബെഞ്ചിന് മുന്നിലും സിഎംആർഎൽ വെച്ചത്. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ നടപടി. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസിലും ബെംഗളൂരുവിലെ എക്സാലോജിക്ക് ഓഫീസിലും അടക്കം വ്യാപകമായ റെയ്ഡ് ഇ ഡി സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് വീണ ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിഎംആര്‍എല്‍ ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

