
സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐ. അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്കി. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് എസ്എഫ്ഐ പരാതിയില്‍ പറയുന്നത്.
‘ആരോപണം വസ്തുതാപരമാണോ എന്നന്വേഷിക്കണം. സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമവും അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങള്‍, പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കണം. പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ വകുപ്പുതലനടപടി വേണം’, എസ്എഫ്ഐ ആവശ്യപ്പെട്ടു.സമരക്കാര്‍ ബ്ലേഡ് കൊണ്ടുവന്നു എന്ന ആരോപണം തെറ്റാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന് പ്രതികരിച്ചു. എസ്എഫ്ഐക്കാര്‍ സമരത്തിന് വന്നപ്പോള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായെന്നാണ് പൊലീസ് ആരോപിക്കുന്നതെന്ന് നന്ദന് പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കിയെന്നും ബ്ലേഡ് അവിടെ എങ്ങനെ എത്തിയെന്ന് പൊലീസ് കണ്ടെത്തണമെന്നും നന്ദന് പറഞ്ഞു.’എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായി. പുരുഷ പൊലീസ് വനിതാ പ്രവര്‍ത്തകരെ അക്രമിച്ചു. ആദ്യഘട്ടത്തില്‍ വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. എസ്എഫ്ഐക്ക് ബ്ലേഡിന്റെ ആവശ്യമില്ല. സമരത്തെ തകര്‍ക്കാന്‍ കേരള പൊലീസ് തയ്യാറാവുകയാണ്’, നന്ദന് കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി പൊലീസും എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. മാര്‍ച്ചിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസും തങ്ങളെയാണ് ബ്ലേഡ് കൊണ്ട് പൊലീസ് ആക്രമിച്ചതെന്ന് എസ്എഫ്ഐയും ആരോപിച്ചു. ഇതിന് തെളിവായി സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്

