
ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന് തൂഫാന്- ദ നാര്‍ക്കോ ഹണ്ട് ‘ തുടരുമ്പോഴാണ് ഈ വര്‍ഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്.ഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്നതും അവരെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതുമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1987 ഡിസംബര്‍ 7-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായരുടെ നേതൃത്വത്തില്‍ എസ് കെ എന്‍ 40-യുടെ ഭാഗമായി നടന്ന ‘അരുത് അക്രമം അരുത് ലഹരി’ എന്ന പ്രചാരണമാണ് കേരളത്തില്‍ മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് പ്രചോദകമായത്. ട്വന്റിഫോര്‍ തയാറാക്കിയ ലഹരി വില്പനയുടെ ഉള്ളറകള്‍ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നിരവധി സംഘങ്ങള്‍ അറസ്റ്റിലായി. പുതിയ സര്‍ക്കാര്‍ മയക്കുമരുന്ന് ശൃംഖലകള്‍ക്ക് തടയിടാനായി ‘ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ 3657 കേസ്സുകളിലായി 3931 പേരെയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, അവരെ ഒരു രോഗിയായി പരിഗണിച്ച് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരിക കൂടി ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോ മലയാളിയും അണിചേരാന്‍ ഈ ദിനത്തില്‍ ട്വന്റിഫോര്‍ ആഹ്വാനം ചെയ്യുന്നു.

