
പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ടവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മമത, പാർട്ടി വിട്ടവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.ബിജെപിക്കെതിരെ പോരാടാൻ ബംഗാളിൽ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു. തനിക്ക് യാതൊരുവിധ അഹങ്കാരവുമില്ല. മറ്റുള്ളവരും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് പോരാടണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും പേരെടുത്ത് പറയാതെ ആണ് മമത ബാനർജിയുടെ ആഹ്വാനം.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവെച്ച നേതാക്കളുടെ ഒഴിവുകളിലേക്ക് നിയമിക്കാൻ നിരവധി പേർ തനിക്കൊപ്പം ഉണ്ടെന്നും മമത ബാനർജി പറഞ്ഞു. പാർട്ടി വിട്ടവർ മമത ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വെല്ലുവിളിച്ചു. “നിങ്ങൾക്ക് ബിജെപിയെ പിന്തുണയ്ക്കണമെന്നുണ്ടെങ്കിൽ, ബിജെപിയിലേക്ക് പോകൂ. നിങ്ങളിൽ എത്രയധികം പേർ പോകുന്നുവോ അത്രയധികം ഞാൻ സന്തോഷവതിയാകും. എല്ലാ ഒഴിവുകളും നികത്താൻ എന്റെ വിദ്യാർത്ഥികളും യുവജന പ്രവർത്തകരും അവിടെയുണ്ട്”- മമത ബാനർജി പറഞ്ഞു

