
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കെലാം മേഖലയില്‍ മൂന്ന് ഭീകരരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സേനഇന്നലെ വൈകിട്ടാണ് കുല്‍ഗാമിലെ കെലാം മേഖലയിലുള്ള ഇഷ്ടിക ചൂളയില്‍ ജോലിചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരരാണ് എത്തിയത്. രണ്ടു തൊഴിലാളികള്‍ക്ക് നേരെ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്ന തൊഴിലാളി ആശുപത്രിയിലെത്തിക്കുന്നതിന് മുന്നേ മരിച്ചിരുന്നു. അനന്ത്നാഗിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം വിദഗ്ദചികിത്സക്കായി ശ്രീനഗറിലേക്ക് മാറ്റിയ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി ഭൂപേന്ദ്രയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ കുല്‍ഗാമിലെ കെലാം മേഖലയില്‍ പോലീസും സിആര്‍പിഎഫും തിരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടുപോയ മൂന്ന് ഭീകരര്‍ക്കായി സേന തിരച്ചില്‍ തുടരുകയാണ്. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

