
അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും സിംബാബ്വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി മുൻ ഇന്ത്യൻ പരിശീലകൻ റവി ശാസ്ത്രി തെരഞ്ഞെടുത്ത 15 അംഗ ഇന്ത്യൻ ടീമിനെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. രവി ശാസ്ത്രിയുടെ ടീം കൊള്ളാമെങ്കിലും, യഥാർത്ഥത്തിൽ ഇങ്ങനെയൊരു സ്ക്വാഡ് സെലക്ട് ചെയ്യപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ചോപ്ര തുറന്നടിച്ചു. ശാസ്ത്രിയുടെ സ്വപ്ന ടീമിന് 10-ൽ 8 മാർക്കാണ് ചോപ്ര നൽകിയത്.ശുഭ്മൻ ഗിൽ ക്യാപ്റ്റനാകുന്ന ടീമില്‍ വിരാട് കോലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, റിഷഭ് പന്ത്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവരെയായിരുന്നു ശാസ്ത്രി തെരഞ്ഞെടുത്തത്.
എന്നാല്‍ ഓപ്പണിംഗിൽ ഒരുപാട് ഓപ്ഷനുകൾ ഉള്ളപ്പോള്‍ യശസ്വി ജയ്സ്വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഏകദിനത്തിൽ രണ്ട് സെഞ്ചുറികൾ ജയ്സ്വാളിനുണ്ടെന്നത് ശരിയാണ്. എന്നാൽ റിഷഭ് പന്തിന്റെ സ്ഥാനം എങ്ങനെയാണ് രവി ശാസ്ത്രി ന്യായീകരിക്കുക. തുടർച്ചയായി ഏകദിനങ്ങളിൽ നിന്ന് പുറത്തിരുത്തിയ പന്തിനെ ലോകകപ്പ് അടുത്തെത്തി നിൽക്കെ പെട്ടെന്ന് ടീമിലേക്ക് കൊണ്ടുവരുമോ എന്നത് സംശയമാണ്. നിലവിൽ ഇഷാൻ കിഷനാണ് മികച്ച ഫോമിലുള്ളതെന്നും ചോപ്ര ഓർമ്മിപ്പിച്ചു.

