
ഒഞ്ചിയം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ആശയവിനിമയശേഷിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒഞ്ചിയം ഗവ. യു.പി. സ്കൂളിൽ English Language Enrichment Programme (ELEP) ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഡയറ്റിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക വിദഗ്ധ പരിശീലനം നേടിയ ശ്രീമതി റിധുന. കെ പരിശീലകയായി സ്കൂളിൽ ചുമതലയേറ്റു. 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നൽകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി പരിശീലന സെഷനുകൾ നടക്കും.
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയശേഷി, സംസാരമികവ്, ഭാഷാപ്രയോഗം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ ഭാഷാപരവും ആശയവിനിമയപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിവരുന്നതിന്റെ ഭാഗമായാണ് ELEP പദ്ധതിക്കും തുടക്കം കുറിച്ചിരിക്കുന്നത്. ELEP പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും പ്രധാനാധ്യാപകൻ ജലീൽ ടി.വി.എ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സമഗ്രമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ മാതൃകയായി ഉയരുന്നതിനുമുള്ള ഒഞ്ചിയം ഗവ. യു.പി. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായം കുറിക്കുന്നതാണ് ഈ പദ്ധതി.

